മഹാഭാരതം, ലോകത്ത് ഇന്നോളം ക്രോഡീകരിക്കപ്പെട്ടവയില്‍ എറ്റവും ബൃഹത്തും മനുഷ്യജീവിതത്തിന്റയും മനചാപല്യങ്ങളെയും തിന്മകളെയും നന്മകളെയും ജീവിത അവസ്ഥകളെയും അനാവരണം ചെയ്യുന്ന മഹാകഥാസാഗരം. വായിക്കുന്നതില്‍ കൂടുതല്‍ വരികള്‍ക്കിടയില്‍ പുതിയ അര്‍ത്ഥങ്ങള്‍ തെളിഞ്ഞുവരുന്ന മഹാകാവ്യം. എംടി യുടെ രണ്ടാമൂഴം പോലെ മികച്ച പുനര്‍വായനകളും അതിനെ ഉപജീവിച്ച് ഉണ്ടായിട്ടുണ്ട്. എന്നാലിവിടെ, സര്‍വ്വവും തകര്‍ത്ത ആരും ഒന്നും നേടാത്ത മഹാഭാരതയുദ്ധത്തിന് ശേഷം കഥാനായകന്മാരില്‍ പ്രഥമഗണനീയനായ കൃഷ്ണന്റ മനസ്സില്‍ എന്തെല്ലാം ചിന്തകളായിരിക്കാം ഉണ്ടായിരിക്കുക. ഇന്നത്തെയും എന്നത്തെയും മനുഷ്യജീവിതത്തിന്റ അവസ്ഥകളില്‍ നിന്നു ഒരു പുനര്‍വായന.
ശുന്യമായ മനസ്സോടെ യുദ്ധാനന്തരഭൂമിയിലേക്ക് കൃഷ്ണന്‍ നോക്കി നിന്നു. മഹാരഥന്മാരെല്ലാം വീണിരിക്കുന്നു. ഭാരതഭൂമിയിലെ കേള്‍വികേട്ട യോദ്ധാക്കളും ഭരണാധികാരികാരികളുമെല്ലാം…. ശേഷം…?
മക്കളെയെല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന പാണ്ഡവരും ഭര്‍ത്താവിനെയും പുത്രന്മാരെയും നഷ്ടപ്പെട്ട കുലസ്ത്രീ ജനങ്ങളും, അനാഥമാക്കപ്പെട്ടവയെല്ലാം മോഷ്ടിച്ചുകടത്തുന്ന കാട്ടാളക്കൂട്ടങ്ങളും….
വിജയം ആഘോഷിക്കുന്ന ആരെയും കാണാനില്ലല്ലോ..!!
എന്തിന്റ വിജയം…!!
ധര്‍മ്മസംസ്ഥാപനം….?!! അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റ വിജയം..!!
ആരായിരുന്നു അധര്‍മ്മികള്‍..?? ശ്രേഷ്ഠരായ ഭീഷ്മര്‍, ആചാര്യനായ ദ്രോണര്‍, മഹായോദ്ധാക്കളായ കര്‍ണ്ണന്‍, ദുര്യോധനന്‍..?
അവര്‍ക്കുമേല്‍ വിജയം നേടിയവരോ ധര്‍മ്മികള്‍…??
ധര്‍മ്മവും അധര്‍മ്മവും ശരിയും തെറ്റും മാറി മറിയുന്നുവോ..
ഇതുതന്നെയായിരുന്നുവോ ഞാന്‍ കണ്ട ധര്‍മ്മസംസ്ഥാപനം.?
ഈ വിശുദ്ധയുദ്ധത്തെ നാളെ പാടിപ്പുകഴ്ത്തുന്നവര്‍ ഈ മഹാദുരന്തത്തിന് എന്നെ പഴിക്കുമോ..? അതോ കൊന്നും വെന്നും ഞാന്‍ ധര്‍മ്മം സ്ഥാപിച്ചെന്ന് ഉദ്‌ഘോഷിക്കുമോ…???
ഭര്‍ത്താവും മക്കളും ജീവിതവും നഷ്ടപ്പെട്ട് അലറിക്കരയുന്ന ആ സാധുസ്ത്രീ ഞാന്‍ സ്ഥാപിച്ചെടുത്ത എന്റ ധര്‍മ്മത്തെ, എന്റ ശരിയെ, എന്റ മതത്തെ, പാടിപ്പുകഴ്ത്തി പിന്തുടരുമെന്ന് കരുതാമോ… അവള്‍ ദൈവങ്ങളേക്കാള്‍ അധികം അവളുടെ കുടുംബത്തെയായിരിക്കില്ലേ ആരാധിച്ചതും സ്‌നേഹിച്ചതും…
നാളെയെഴുതപ്പെടാന്‍ പോകുന്ന ചരിത്രത്തിലെ ഈ ചുവന്നകണ്ണീരിനെ ഏതു ദേവശാസ്ത്രം കൊണ്ട് എന്റ പിന്ഗാമികള്‍ നീതീകരിക്കും….
പിതാവിന്റ കബന്ധത്തില്‍ കെട്ടിപ്പിടിച്ച് തളര്‍ന്നുകിടക്കുന്ന ഈ കുഞ്ഞിന് ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചും കൊന്നും മരിച്ചും സംരക്ഷിക്കേണ്ട വിശ്വാസങ്ങളെക്കുറിച്ചും അറിയാമായിരിക്കുമോ..? പിതൃരക്തം പുരണ്ട അവന്റ കൈകളില്‍ ഇനി വേദപുസ്തകമോ അതോ കൊടുവാളോ ആയിരിക്കുമോ വന്നു ചേരുക…??
കുഞ്ഞനുജന് ജീവന്‍ നല്‍കാന്‍ എന്നോട് യാചിക്കുന്ന ഈ പെണ്‍കുട്ടിയോട് ഞാന്‍ എന്താണ് പറഞ്ഞ് വിശ്വസിപ്പിക്കേണ്ടത്. . അവളുടെ അനുജന്‍ എന്റ ദൈവവചനങ്ങളെ വിശ്വസിക്കാത്തവനാണെന്നോ.. ഞാന്‍ ദൈവമായിരുന്നെങ്കില്‍ ഈ മഹായുദ്ധം ഒഴിവാക്കാനും ലോകത്തില്‍ എന്നെ മാത്രം വിശ്വസിക്കുന്നവരെയും എന്റ വാക്കുകളെ മാത്രം അനുസരിക്കുന്നവരെയും സൃഷ്ടിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ലേ… ??
യാദവകുലത്തിന് വേണ്ടി ഞാന്‍ യുദ്ധം ചെയ്തതും കംസനിഗ്രഹം നടത്തിയതും യാദവര്‍ എന്നെ ദൈവമായി പൂജിച്ചതും ശരിയാകാം.. പക്ഷെ … ഈ ഭൂമിയിലുള്ളവരെല്ലാം യാദവരും അസുരന്മാരും അല്ലായിരുന്നല്ലോ.. അവര്‍ക്കെല്ലാം എന്റ ചെയ്തികള്‍ ദൈവികമായിരിക്കണമെന്നുമില്ലല്ലോ..?
പ്രളയാന്ത്യത്തിനു മുന്‍പ് ഇനിയുള്ള കാലത്തെ ഞാന്‍ എങ്ങനെയാണ് പാലിക്കേണ്ടത്.. ഭരണഭാരമേല്‍ക്കേണ്ട പാണ്ഡവര്‍ പുത്രരക്തം കൈയ്യില്‍ പുരണ്ട് വിറുങ്ങലിച്ച് നില്‍ക്കുകയല്ലേ… അവരുടെ കളിക്കൂട്ടുകാരനായ അശ്വത്ഥാമാവ് അവന്റ പിതൃഘാതകരോടുള്ള പ്രതികാരമായല്ലേ ഈ പാവം കുട്ടികളുടെ കഴുത്ത് ഞെരിച്ച് കൊന്നത്. അവനോട് പാണ്ഡവര്‍ ക്ഷമിക്കുമോ. അശ്വത്ഥാമാവിനും പുത്രനുണ്ടായിരിക്കുമോ.. അവനും പ്രതികാരവുമായി ഇറങ്ങില്ലേ…??? എന്റ ധര്‍മ്മത്തെ പാടിപ്പുകഴ്ത്താന്‍ ഇനി ആരു ശേഷിക്കും..??
നാശം എനിക്കും വന്നു കൂടും… പിന്നെ പ്രളയജലത്തില്‍ നിന്ന് അണുരൂപമായി വീണ്ടും മനുഷ്യകുലം. അവിടെ കാലികളെ മേയ്ക്കുന്ന യാദവരും കച്ചവടം ചെയ്യുന്ന വൈശ്യരും യുദ്ധം ചെയ്യുന്ന ക്ഷത്രിയരും അങ്ങനെ നൂറായിരം കുലങ്ങള്‍ വീണ്ടുണ്ടാകും.. മറ്റൊരു ചൂഷകവംശജനായ കംസനും അവനെതിരെ യുദ്ധം നടത്താന്‍ മറ്റൊരു കൃഷ്ണനും അവന്റ യുദ്ധഗാഥകളും അവനെ പൂജിക്കാനുള്ള കോവിലും പിന്നെ അവനെ അനുസരിക്കുന്നവര്‍ക്കുള്ള ദേവലോകവും അവനെ അനുസരിക്കാത്തവര്‍ക്കുള്ള നരകവും അതിനൊക്കെ പ്രമാണമായി അവന്റ ദൈവിക പരിവേഷവും വെളിപാടുകളും സൂക്തങ്ങളും. …….നിലനില്‍പ്പിനു വേണ്ടി യുദ്ധം നടത്തിയിരുന്ന അവന്‍ പിന്നെ അധികാരത്തിനായും അവന്റ അനുയായികള്‍ അവന്റ മതത്തിനു വേണ്ടിയും യുദ്ധം നടത്തും….. ശേഷം മറ്റൊരു കുരുക്ഷേത്രം കബന്ധങ്ങള്‍.. അലമുറകള്‍..ശാപവചനങ്ങള്‍.. നിര്‍വീര്യനായി നില്‍ക്കുന്ന അവന്റ ദേവപ്രതിഷ്ഠയ്ക്കു മേല്‍ വീണ്ടും പ്രളയജലം…
കാലചക്രങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ എല്ലാം ആവര്‍ത്തിക്കുന്നതെന്താകാം..
അവന് തിരിച്ചറിവു വന്നാല്‍ ദൈവങ്ങള്‍ക്കു നിലനില്‍പ്പുണ്ടാകുമോ.. മതങ്ങള്‍ക്കും അതുകൊണ്ട് ഉപജീവിക്കുന്നവര്‍ക്കും… ??

Comments

യുദ്ധ ഭൂമിയില്‍ പിതാമഹന്‍മാരെയും ഗുരുക്കന്‍മാരെയും ബന്ധു മിത്രാധികളെയും കണ്ടു ഇവരെ ആണല്ലോ താന്‍ കൊല്ലാന്‍ പോകുന്നത് എന്നോര്‍ത്ത് തന്റെ വില്ല് താഴെ ഇട്ടു വിറങ്ങലിച്ചു നിന്ന അര്‍ജുനനെ ഓര്‍മ്മ ഉണ്ടോ? ആ അര്‍ജുനന്‍ താങ്കള്‍ പറയുന്ന പോലെ എല്ലാം യുദ്ധത്തിനു മുന്‍പ് കൃഷ്ണനോട് ചോദിച്ചിരുന്നു. ഭഗവത് ഗീത വായിച്ചാല്‍ താങ്കള്‍ക്കു ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കും.

Popular posts from this blog

എ റിയല്‍ ഇന്ത്യന്‍

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും