എന്താണ് വ്യക്തിത്വവും വ്യക്തിത്വ വൈകല്യവും


എന്തൊക്കെയാണ് നമ്മുടെ സ്വഭാവവൈകല്യങ്ങള്‍...? പക്വതയാണോ ചപലതയാണോ ബാലിശമാണോ പെരുമാറ്റം എന്ന് എങ്ങനെ അറിയാം. മനുഷ്യമനസ്സിന്റ ഈഗോസ്റ്റേറ്റുകളെക്കുറിച്ച് മനസ്സിലാക്കിയാല്‍ സ്വയം അതിനുള്ള മറുപടി കിട്ടും. വിശാലമായ ഒരു ലേഖനത്തിലെ വളരെ പ്രസക്തമായ ചിലഭാഗങ്ങള്‍ ക്രോഡീകരിച്ച് പങ്കുവയ്ക്കുകയാണ്.

ഈഗോ സ്റ്റേറ്റ്സ് (Ego states)
1. പിതൃഭാവം
2. പക്വഭാവം
3.ശിശുഭാവം

മനുഷ്യമനസ്സിന്റ വിവിധങ്ങളായ ഈ വ്യക്തിഭാവങ്ങളെ മനസ്സിലാക്കുന്നത് സ്വയം മനസ്സിലാക്കുന്നതിനും സാമൂഹ്യമായ ഇടപെടലുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു. പ്രധാനമായും ഈ മൂന്ന് ഭാവങ്ങളാണ് (states) മനുഷ്യര്‍ അവരുടെ സ്വഭാവത്തിലും ശീലങ്ങളിലും പ്രകടിപ്പിക്കുന്നത്. ഇവ ഓരോന്നും തനതായ രീതിയില്‍ വേണ്ടിടത്ത് പ്രകടിപ്പിക്കുമ്പോള്‍ മികച്ച വ്യക്തിത്വവും ഇവയിലേതെങ്കിലും ഒന്നിന്റ അഭാവമോ അസന്തുലിതമായ കൂടിച്ചേരലുകളോ ഉണ്ടാകുമ്പോള്‍ പെരുമാറ്റവൈകല്യങ്ങളും മനോരോഗങ്ങളും ഉണ്ടാകുന്നു.


1. പിതൃഭാവം:
പിതാവിന്റ ഭാവമെന്നു പറയാമെങ്കിലും വിശാല അര്‍ത്ഥത്തില്‍ അത്കണ്ടും കേട്ടും പഠിച്ച സ്വഭാവങ്ങള്‍ വിവരങ്ങള്‍ (informations), മൂല്യബോധം(ethics), മുന്‍വിധികള്‍, ധാരണകള്‍, ഉറച്ച അഭിപ്രായങ്ങള്‍ എന്നിവയുടെ മിശ്രണമാണ്.
ഗുണം : വിശ്വാസം, ഭക്തി, സദാചാരം, കൃത്യനിഷ്ഠ, വാത്സല്യം, സംരക്ഷകഭാവം എന്നിവയാണ്. പക്ഷെ പിതൃഭാവം മാത്രം പ്രകടിപ്പിക്കുന്നവര്‍ക്ക് ചില ദോഷവശങ്ങളുണ്ട്. അതു പോലെ ശിശുഭാവവുമായി കലര്‍ന്നു വരുമ്പോള്‍ ചില മനോരോഗങ്ങളും.
ദോഷം : കാര്‍ക്കശ്യം , നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍, കുറ്റപ്പെടുത്തുന്നവര്‍, ശിക്ഷിക്കുന്നവര്‍, അന്ധമായ മതവിശ്വാസആചാരങ്ങള്‍ പുലര്‍ത്തുന്നവര്‍.
തൊട്ടടുത്ത തലവുമായുള്ള മിശ്രണം : പിതൃഭാവം പക്വഭാവത്തെ ഉപയോഗിച്ച് അനുഭവങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവയെ തള്ളുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇവ തമ്മില്‍ മിശ്രണം ചെയ്യുമ്പോള്‍ പിതൃഭാവത്തിലെ ധാരണകളെയും അബദ്ധവിശ്വാസങ്ങളെയും പക്വഭാവത്തിലെ കാര്യകാരണ ചിന്തകളുടെ സഹായത്തോടെ ശരിയെന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും അപ്രകാരം സ്ഥാപനം നടത്തുകയും ചെയ്യുന്നു. ചില ദിവസങ്ങള്‍ നമ്പരുകള്‍, വസ്തുക്കള്‍ എന്നിവയ്ക്ക് ദിവ്യത്വമോ മറ്റ് അത്ഭുതശക്തികളോ ഉണ്ടെന്നു വിശ്വസിക്കുന്നു. മതപ്രചാരകര്‍, തീവ്രമായ ആശയങ്ങള്‍ - അതിദേശീയത, പുരുഷമേധാവിത്വം , സ്ത്രീ പതിത്വം, പ്രാദേശികവാദം, ഭാഷാവാദം തുടങ്ങി ഇല്ലാത്ത കാഴ്ചകള്‍ കാണുന്ന, സ്വയം ദൈവമാണെന്നോ അതിവിശിഷ്ടനാണെന്നോ വിശിഷ്ടകുലജാതനെന്നോ വിശ്വസിക്കുന്ന, മൂഡസ്വര്‍ഗ്ഗത്തില്‍ വിരാജിക്കുകയും മറ്റുളളവരില്‍ അത് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്കീസോഫ്രീനിയാകുകളായി മാറുന്നു.

2. പക്വഭാവം :
മനുഷ്യന് മാത്രമായുള്ള പ്രത്യേകഭാവം. കാര്യകാരണ സഹിതം വിശകലനം നടത്താനും പിതൃഭാവത്തിലും ശിശുഭാവത്തിലും ശേഖരിച്ചിരിക്കുന്ന നിലവാരമുള്ള വിവരങ്ങളെ സൂപ്പര്‍കമ്പ്യൂട്ടറിനെപ്പോലെ അപഗ്രഥിച്ച് യാഥാര്‍ത്ഥ്യബോധത്തില്‍ എത്തുന്ന വിശകലനങ്ങള്‍ സ്വീകരിക്കുന്ന ഭാവം
ഗുണം : ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ബോധം തിരിച്ചറിവ്, സ്വന്തം വികാരങ്ങളെയും ചിന്തകളെയും നിയന്ത്രിക്കാനും വിലയിരുത്താനുമുള്ള കഴിവ്, കൂടുതല്‍ യോജ്യമായവയെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം. സാഹചര്യത്തിനനുസരിച്ച പെരുമാറ്റം
ദോഷം : പക്വഭാവം മാത്രം പ്രകടിപ്പിക്കുന്നവര്‍ ഒരു യന്ത്രമനുഷ്യനെപ്പോലെയുള്ള പെരുമാറ്റത്തോടു കൂടി വിരസത ഉളവാക്കുന്നു. ചില മേധാവികള്‍, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍, താര്‍ക്കികാചാര്യര്‍, നിര്‍മ്മാണ വിദഗ്ദര്‍ എന്നിവര്‍ ഉദാഹരണം
തൊട്ടടുത്ത തലവുമായുള്ള മിശ്രണം : പക്വഭാവം ശിശുഭാവവുമായി കലരുമ്പോള്‍ പക്വഭാവത്തിന്റ യാഥാര്‍ത്ഥ്യബോധം നഷ്ടമാകുന്നു. പ്രായപൂര്‍ത്തിയാകുമ്പോഴും പാറ്റയെപ്പോലുള്ള നിസ്സാരജീവികളുടെ സാന്നിദ്ധ്യത്തില്‍ ഭയപ്പെടുന്നവര്‍, ദൈവത്തില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും ഭുതപ്രേതാദികളെ പേടിക്കുന്നവര്‍. ഇരുട്ടത്ത് , തുറസ്സായതോ വിജനമായതോ വളരെ ഉയരമുള്ള സ്ഥലങ്ങളിലോ എത്തുമ്പോഴും തിരക്കിലകപ്പെടുമ്പോഴും ഭയക്കുന്നവര്‍ , പുരുഷന്മാരെ വിശ്വസിക്കരുത് അല്ലെങ്കില്‍ ഭയക്കേണ്ടവരാണെന്നോ അധീശത്വം പുലര്‍ത്തുന്നരാണെന്നോ കരുതുന്ന സ്തീകള്‍, സ്ത്രീകളോടിടപെടുമ്പോള്‍ ഭയമോ അമ്പരപ്പോ മൂലം വിവശരാകുന്ന പുരുഷന്മാര്‍ തുടങ്ങിയ വിചിത്രങ്ങളായ അനേകം ഫോബിയകള്‍ക്കു പിന്നില്‍ ഈ സങ്കലനമാണ്.

3. ശിശുഭാവം :  
വികാരങ്ങള്‍ മുന്നിട്ടു നില്‍ക്കുന്ന ശിശുക്കളുടെ ഭാവം തന്നെയാണ്. വിവേചന ശേഷി പോലെ തന്നെ മനുഷ്യനെ വ്യത്യസ്ഥനാക്കുന്ന ഗുണങ്ങളടങ്ങിയ ഭാവം
ഗുണം : ഇന്ദ്രീയാതീതമായ കഴിവുകള്‍, കലാ-സര്‍ഗ്ഗാത്മകതാ- ക്രിയാത്മകതാ വാസനകള്‍, ഇണക്കം, പിണക്കം, ലാഘവത്വം, ചിരിക്കാനും ചെറിയകാര്യങ്ങളിലും തുറന്ന് സന്തോഷിക്കാനുള്ള കഴിവ്, അനുസരണയും വിധേയത്വവും പ്രകടിപ്പിക്കാനുള്ള മനോഭാവം, മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവും ആഗ്രഹവും, പാരമ്പര്യയാഥാസ്ഥിതിക ചിന്തകളെ പരിഗണിക്കാത്ത സ്വന്തം വികാര വിചാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന സ്വഭാവം, അടിസ്ഥാനപരമായി ജീവിതത്തിന് സന്തോഷവും സുഖവും വര്‍ണ്ണവും നല്‍കുന്ന മനോഭാവം
ദോഷം : തൊട്ടടുത്ത തലമായ പക്വഭാവത്തിലേക്ക് കടന്നു കയറുമ്പോഴും യാഥാര്‍ത്ഥ്യബോധം നഷ്ടമാകുന്നു. മുന്‍പറഞ്ഞ കുഴപ്പങ്ങള്‍ (പക്വഭാവത്തിന്റ ശിശുഭാവത്തിലേക്കുള്ള കടന്നു കയറ്റം) കൂടാതെ ശാഠ്യം, ദേഷ്യം, പ്രതികാരം, പ്രതിഷേധം, അക്രമവാസന, സ്വപ്നജീവിത്വം, മത്സരം, ആലോചന കൂടാതെയുള്ള പ്രവര്‍ത്തി, അസൂയ, ചതിവ്, കുതന്ത്രം, അലസത തുടങ്ങിയ ദുര്‍ഗ്ഗുണങ്ങള്‍, സാമൂഹ്യപരിസ്ഥിതികളെ തീരെ പരിഗണിക്കാത്ത ഭ്രാന്ത തുല്യമായ അവസ്ഥ എന്നിവ ശിശുഭാവത്തിന്റ ആധിക്യവും മറ്റു ഭാവങ്ങളുടെ മേലുള്ള ആധിപത്യവുമാണ്.


എല്ലാ ഭാവങ്ങളും തുല്യഅളവില്‍ പരസ്പരം കലരാതെ സൂക്ഷിക്കുന്നതാണ് മികച്ച വ്യക്തിത്വം. അപ്പോള്‍ ആരൊക്കെയാണ് മികച്ച വ്യക്തിത്വം ഉള്ളവര്‍ ...??? :) ;)

Comments

Popular posts from this blog

എ റിയല്‍ ഇന്ത്യന്‍

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും