നമ്മുടെ പോലിസിനെ നമ്മള്‍ അര്‍ഹിക്കുന്നുണ്ടോ.. ?

 
 
 
 
 
 
 
മലയാളികളുടെ പ്രിയ നടനായ ശ്രീ.നെടുമുടിവേണു മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞ കാര്യമാണ് ആദ്യം സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ പത്രത്തില്‍ വന്നതാണ് ഈ ലേഖനം. ’മണ്ടന്മാര്‍ ലണ്ടനില്‍’ എന്ന സിനിമ ഷൂട്ടു ചെയ്യാനായി ലണ്ടനില്‍ ചെന്നപ്പോള്‍ അവിടെ പരിചയപ്പെട്ട ലണ്ടന്‍ പോലിസിന്‍റ (സ്കോട്ലന്‍റ്‍യാര്‍ഡ്) അത്ഭുതപ്പെടുത്തുന്ന സമീപനത്തെക്കുറിച്ച് ശ്രീ നെടുമുടിവേണു കേരളപോലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് വിവരിക്കുന്നതായിരുന്നു ഉള്ളടക്കം.
പ്രസ്തുത ചിത്രത്തില്‍ സാധാരണക്കാരായ കുറെ നാടന്‍കലാകാരന്മാരെ സ്പോണ്‍സര്‍ ചെയ്ത് പ്രോഗ്രാമിനായി ലണ്ടനില്‍ എത്തിക്കുന്നതും അവിടെ അവര്‍ വഴിതെറ്റി ഒപ്പിക്കുന്ന തമാശകളുമായിരുന്നു പ്രമേയം. ലണ്ടന്‍ എയര്‍പോര്‍ട്ടിലെത്തിയ മണ്ടന്മാര്‍ അലഞ്ഞുതിരിഞ്ഞ് അവസാനം വിശന്നിട്ട് വേറെ വഴിയില്ലാതെ റോഡരുകില്‍ അടുപ്പുവച്ച് കഞ്ഞിതിളപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലണ്ടന്‍ പോലിസ് വന്ന് അവരുടെ കലം ചവുട്ടിത്തെറുപ്പിച്ച് അവരെ അടിച്ചോടിക്കുന്നതാണ് രംഗം.
ഒറിജിനാലിറ്റിക്കുവേണ്ടി അവര്‍ അവിടെ കണ്ട ലണ്ടന്‍പോലിസുകാരെ സമീപിച്ച് ഇപ്രകാരം അഭിനയിക്കോമോയെന്ന് ചോദിച്ചു. എന്നാല്‍ കലം ചവുട്ടിത്തെറുപ്പിക, അസഭ്യം പറയുക, അടിച്ചോടിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല. അഭിനയത്തിനാണെങ്കില്‍ പോലും അത് ഞങ്ങളുടെ രീതി അല്ല എന്നാണ് അവര്‍ പറഞ്ഞത്. പകരം കുറ്റം ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കി അവരെ പിന്തിരിപ്പിക്കും അവര്‍ക്കു വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്തു കൊടുക്കും അത്രയേ പറ്റൂ എന്ന് പറഞ്ഞു. കേരളത്തില്‍ കാണിക്കാനുള്ള സിനിമയില്‍ ഇതുനടക്കില്ലല്ലോ ! പോലിസ് അങ്ങനെ ചെയ്തില്ലെങ്കില്‍ ഇതെന്തോന്ന് പോലിസെടാ എന്ന് ചോദിച്ച് കൂവും ! ഒടുക്കം കലം ചവിട്ടിത്തെറിപ്പിക്കാന്‍ ഡ്യൂപ്പിനെവച്ചു അഡ്ജസ്റ്റു ചെയ്തു.
ലണ്ടന്‍ പോലിസിന്‍റ മഹിമ കണ്ട് അവേശം പൂണ്ട നമ്മുടെ മഹാനടന്‍ കേരളത്തിലെ ഒരു പോലിസ് ഓഫീസറിനോട് ചോദിക്കുകയാണ്.
“അപ്പോള്‍ നമ്മുടെ പോലിസിനെ സ്കോട്ട്ലന്‍റ്‍യാര്‍ഡില്‍ അയച്ച് ട്രെയിനിംഗ് കൊടുത്താല്‍ അവരും ഇങ്ങനെ പെരുമാറും അല്ലേ.”
കേരളപോലിസ്ഓഫീസര്‍ ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.
“ ശരിയാണ് നമ്മുടെ പോലിസിനെ ലണ്ടനിലെ സ്കോട്ട്ലന്‍റ്‍യാര്‍ഡില്‍ ട്രെയിനിംഗ് കൊടുത്താല്‍ അവരും ഇങ്ങനെയൊക്കെ പെര്‍ഫെക്ടായി പെരുമാറും, പക്ഷെ..
നമ്മുടെ പൊതുജനങ്ങളെക്കൂടി സ്കോട്ലന്റിലേക്കയക്കണം. എന്തിനെന്നോ ? പൌരധര്‍മ്മം എന്തെന്ന് പഠിക്കാന്‍……………… ലണ്ടന്‍ പോലിസിന് ഇങ്ങനെ മാന്യമായി പെരുമാറാന്‍ കഴിയുന്നത് മാന്യമായി പെരുമാറുന്ന പൌരധര്‍മ്മം സ്വയം പാലിക്കുന്ന ഒരു ജനത അവിടെ ഉണ്ടായതു കൊണ്ടാണ്. അവിടത്തെ ഒരാള്‍ പൊതുസ്ഥലത്ത് ഇങ്ങനെ മര്യാദവിട്ട് പെരുമാറിയാലല്ലേ അവര്‍ക്ക് ഇങ്ങനെ ചിന്തിക്കേണ്ടതായിപ്പോലും വരുന്നുള്ളൂ ”
നിയമപാലകര്‍ക്കെതിരെ നൂറായിരം വിമര്‍ശനങ്ങള്‍ ഇതുവായിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ക്കെല്ലാം തോന്നിയിരിക്കാം. എല്ലാം എഴുതുന്നതിന് മുന്‍പ് ചില കണ്ടീഷനുകളുണ്ട്.
നമ്മുടെ നിലവിലുള്ള നിയമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ലംഘിക്കാത്ത ഒരാളായിരിക്കണം വിമര്‍ശിക്കേണ്ടത്. (നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക എന്ന ന്യായം – ലേഖകന്‍ അങ്ങനെയുള്ള ആളല്ല എന്ന് അദ്യമേ കുമ്പസാരം നടത്തുന്നു) ;……എന്നുവച്ചാല്‍…………….
  1. പൊതുസ്ഥലങ്ങളില്‍ നിരോധിച്ചിട്ടുള്ള കാര്യങ്ങള്‍ – ട്രാഫിക് നിയമലംഘനം, തുപ്പല്‍, പുകവലി, മദ്യപാനം, മാലിന്യം വേസ്റ്റ് നിക്ഷേപിക്കല്‍ (മിഠായി കവര്‍ ഇടുന്നതുപോലും..!!), ഗതാഗതതടസ്സം ഉണ്ടാക്കല്‍, അസഭ്യം പറച്ചില്‍- തുടങ്ങിയവ ചെയ്തിട്ടില്ലാത്ത…..
  2. നിയമപരമായി തെറ്റാകുന്ന രീതിയില്‍ മറ്റൊരാളെ ബുദ്ധിമുട്ടിച്ചിട്ടില്ലാത്ത-വായിനോട്ടം(Eve teasing എന്നു പറയും അതിനും ശിക്ഷയുണ്ട്.! പെണ്ണുങ്ങള്‍ വേണ്ടെന്ന് വച്ചിട്ടാ..) പിന്നെ മ്യൂസിക്, മൊബൈല്‍ഫോണ്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ ശബ്ദശല്യം കൊണ്ടും……. ക്യൂ ഉള്ള സ്ഥലങ്ങളിലും റിസര്‍വ്വേഷന്‍ ഉള്ള സ്ഥലങ്ങളിലും-ബസ്സിലും മറ്റും- അത് പാലിക്കാതെയും.
  3. ഗവണ്‍മെന്‍റ് സംവിധാനങ്ങളെയും നിയമത്തെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലാത്ത- വസ്തു രജിസ്ട്രേഷന്‍, ഇന്‍കംടാക്സ്, നികുതി- ഗവ. ആനുകൂല്യങ്ങള്‍ കളവായി നേടുക തുടങ്ങിയവ…. (പറഞ്ഞു വരുമ്പോ അന്യന്‍ സിനിമേലെ അന്യന്‍ ഓരോരുത്തന്മാരെ കാച്ചിക്കളയാന്‍ കാരണമായി പറഞ്ഞ എല്ലാ കുറ്റങ്ങളും.!!)
നിത്യജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇനിയും ഒരുപാടുണ്ട്. എഴുതാന്‍ തുടങ്ങിയാല്‍ തീരുല്ല.. വേണ്ട.. ഇത്രയുമെങ്കിലും ചെയ്തിട്ടില്ലാത്ത യോഗ്യന് വിമര്‍ശിക്കാം. അത്മാര്‍ത്ഥതയോടെ.. ഒന്നു കൂടി.. വളരെ പ്രധാനം.. സ്വന്തം പരിചയത്തിലോ ബന്ധത്തിലോ നാട്ടുകൂട്ടത്തിലോ, സുഹൃത്തുകളിലോ ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ഇല്ലാത്തവരും ആയിരിക്കണം.. കാരണം നിങ്ങള്‍ കൂടി ഉള്‍പ്പെട്ട അയാളുടെ സമൂഹത്തില്‍ നിന്നല്ലേ ആ ഉദ്യോഗസ്ഥനും വരുന്നത്. (ഈ നശിച്ച സമൂഹമാണ് എന്നെ കുറ്റവാളിയാക്കിയത് എന്ന ന്യായം).
ഇനി പറ…. നമ്മള്‍ റോഡിലും പൊതുവഴിയിലും പൊതുഇടങ്ങളിലും കാണിക്കുന്ന എല്ലാ പോക്രിത്തരങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും പോലും നമ്മളര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നുണ്ടോ. അക്കാര്യത്തില്‍ മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള വലിയ സൌജന്യങ്ങളല്ലേ നിയമപാലകര്‍ നല്‍കുന്നത്. അവരുടെ മഹാമനസ്കത നമ്മള്‍ അര്‍ഹിക്കുന്നുണ്ടോ.
അപ്പോ ചോദിക്കും നിയമപാലകര്‍ ശമ്പളം വാങ്ങുന്നത് അവരുടെ ജോലി ചെയ്യാനല്ലേ എന്ന്.. മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കര്‍ത്തവ്യങ്ങള്‍ കൂടി ഉണ്ട്. അതു പോലെ ഗവ.ശമ്പളം വാങ്ങുന്നവരും വാങ്ങാത്തവരും ഒരു പോലെ അനുസരിക്കേണ്ടതായ അടിസ്ഥാന പൌരധര്‍മ്മങ്ങളും ഉണ്ട്. ഒരോരുത്തരും അത് പാലിക്കാന്‍ തുടങ്ങുമ്പോള്‍ ആരും നിര്‍ബന്ധിക്കാതെ തന്നെ നീതിയും നിയമപാലനവും സാദ്ധ്യമാകും അല്ലാത്തിടത്തോളം നമുക്ക് ലഭിക്കുന്ന നീതിക്കും നിയമത്തിനും നമ്മള്‍തന്നെ കാരണക്കാരാണെന്ന് പറയേണ്ടി വരും.
യ്യാള്‍ക്കിതെന്തോന്നിന്റ കേടാ. ഇങ്ങനെയൊക്കെ എഴുന്നള്ളിക്കാന്‍. എന്നായിരിക്കും…?
തള്ളേത്തല്ലിയാലും രണ്ടു പക്ഷമുണ്ടല്ലോ.
നിയമലംഘനങ്ങള്‍ നടത്തുന്നതിനെയും നിയമപാലകരെ വെല്ലുവിളിക്കുന്നതിനെയും ന്യായീകരിക്കാവുന്ന “നല്ല” കാരണങ്ങള്‍ വല്ലതും ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ വെറുതെ അറിഞ്ഞിരിക്കാമെന്നു കരുതി. വെറുതെ…

Comments

Popular posts from this blog

എ റിയല്‍ ഇന്ത്യന്‍

മകരവിളക്കും പിന്നെ കുറെ തട്ടിപ്പുകാരും